കൊച്ചി: ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം യുഡിഎഫ് സര്‍ക്കാര്‍ പൂർണമായും തിരുത്തിയെഴുതണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നടപടികള്‍ കേരളത്തിൽ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ്സ്റ്റാൻഡുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജനനന്മ ലക്ഷ്യമിട്ടുള്ളതാണ്.
2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്കോ-കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകള് ഓരോ വര്‍ഷവും പത്തു ശതമാനം വീതം അടച്ചുപൂട്ടാന്‍ ആരംഭിച്ചിരുന്നു. പിന്നീട് 29 ബാറുകള്‍ ഒഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പാത പുതിയ സര്‍ക്കാര്‍ പിന്തുടരണം. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുത്തണം.
മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കണം. ഇക്കാര്യത്തിൽ കര്‍ണാടക, തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 16ന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കും.